സ്വപ്നം
ഇന്നലെ മയങ്ങുമ്പോള്‍ എന്‍ രാത്രി ശയ്യയില്‍
രോമാഞ്ചമേകും തണുപ്പായിരുന്നു
ശൂന്യമാം കോണിലോ നീഹാര ബിന്ദുക്കള്‍
ഘനീഭവിച്ചാര്‍ദ്രമായ് നിന്നിരുന്നു
അകലെയേതോ മരക്കൊമ്പില്‍ ചേക്കേറുന്ന
വേഴാമ്പലഴലിന്‍റെ ഗാനം മീട്ടി
അത് കേള്‍കയാലോ ഇളം കാറ്റടിച്ചപോ
ലിലച്ചാര്‍ത്തുകള്‍ നേത്ര താപം പൊഴിച്ചു
പതിയെ ഞാന്‍ സ്വപ്ന സമ്പന്നമാം നിദ്രയ്കു
വഴി നല്‍കി രാത്രിയുടെ അന്ത്യമാം യാമത്തില്‍
നിദ്ര തന്നാലസ്യമെങ്കിലും ഞാന്‍ പ്രിയേ
നീ വരും കാലൊച്ച കാതോര്‍ത്തിരുന്നു
അരികില്‍ നീ വന്നിട്ടും ഞാനൊരു മോഹന
സ്വപ്നമെന്നോര്‍ത്തങ്ങിരുന്നു പോയി
കൈകള്‍ക്കു സാധ്യമാം ദൂരത്തതെങ്കിലും
നിശ്ചെഷ്ടനായങ്ങിരുന്നു പോയ് മിഥ്യ പോല്‍
സ്വപ്നാടനം പോലെ നമ്മള്‍ നടന്നൊരാ
പോയ്കയുമാമ്പല്‍ കുളവും കടന്നുപോയ്
ചാന്ദ്ര മാസത്തിന്‍റെ ജ്യോത്സ്നയിലീറനായ്
രാക്കാറ്റിലാലിംഗനം ചെയ്തു നിന്നു നാം
കളകളം പാടുന്ന പുഴ പാതിരാമണല്‍
തീരത്തൊരുക്കി നമുക്കേറെ നിമിഷങ്ങള്‍
മൌനമായ് നമ്മളിരുന്നെങ്കിലും ഹൃത്തി-
ലെത്രയോ സ്വപ്‌നങ്ങള്‍ പങ്കു വെച്ചു
നിന്‍റെ ദുഖങ്ങളും പരിഭവ പ്പൂക്കളും
എന്നുള്ളിലാര്‍ദ്രമാം ഒരു തേങ്ങലായി
എങ്കിലും ഞാന്‍ ധീരനയിരിക്കാന്‍ ശ്രമിച്ചു നിന്‍-
കണ്നീര്‍ക്കുടങ്ങളീ വിരലാല്‍ തുടച്ചു
രാവേറെയായപ്പോള്‍, രാപ്പാടി തന്‍ പാട്ടി
നന്ത്യമാം ദ്രുത താളമെത്തിയപ്പോള്‍
എന്‍ നെഞ്ചില്‍, വാടിക്കുഴഞ്ഞ പൂമൊട്ടുപോല്‍
നീ വീണുറങ്ങി ഞാന്‍ നിദ്രയ്കധീനനായ്
പുലരി തന്‍ പുളകമീ പുല്‍നാമ്പിലൊക്കെയും
പതിയെപ്പടര്‍ന്നപ്പോള്‍ ക്ഷീണിച്ചുണര്‍ന്നു ഞാന്‍
അവിടെയെന്‍ ശയ്യയുടെ വാമാഭാഗത്ത് നീ
ചൂടുള്ള അസാനിധ്യമായിരുന്നു
സ്വപ്നമിതെങ്കിലും എത്രയോ സുന്ദരം
വീണ്ടും വരിക നീ, കാത്തിരിക്കുന്നു ഞാന്‍..........
[aug2005]
Labels: പ്രണയം

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home