Tuesday, April 13, 2010

പ്രണയത്തിന്‍റെ ഫിലോസഫി

പറയട്ടെ, ഞാനെന്‍റെ പ്രണയിനീ ഇപ്പോഴും
പൂര്‍ണ്ണമായ് നിന്‍റെതു മാത്രമാകുന്നു ഞാന്‍
എടുത്തു കൊള്‍ക നീ, വേണ്ടതെന്താകിലും
വെടിഞ്ഞിടല്ലേ നിന്‍ പ്രണയത്തിന്‍ സുസ്മിതം

നിന്‍റെ പനിനീരിന്‍ പുഷ്പമാം പുഞ്ചിരി
യെന്റെ ഹൃദയത്തിനെത്രയും നിര്‍വൃതി
പുഞ്ചിരിക്ക നീ, ഓര്‍ത്തോര്‍ത്തു നിന്നെയും
വാഞ്ചിച്ചു മാത്രമിരിക്കുന്നോരെന്നെയും

നിന്‍റെ രക്തച്ഹവിയുള്ള ചുണ്ടുകള്‍
പുഞ്ചിരിക്കട്ടെ, യൊഴുകട്ടെ സൗരഭം
തിരിച്ച്ചെടുക്കല്ലേ ആമോഹദര്‍ശനം
മരിച്ചു പോകുമീ കാമുകന്‍ നിശ്ചയം

മരണമെന്നതും സൗഭാഗ്യമല്ലെ നിന്‍
പ്രണയമാണതിന്‍ കാരണമാകയില്‍
അറിയുമോ പ്രിയേ, നിന്നെ ഞാന്‍ ഹൃത്തിലെ
രക്തത്തില്‍ അഗ്നിയിലാകെയും അറിയുന്നു

ഒരിക്കലും പൂവിട്ടു വിടരാത്ത ചെടി പോലെ
തരളമായ് നിന്നെ ഞാന്‍ പ്രണയിച്ചിടുന്നു
അറിയുന്നുവതിനുള്ളില്‍ മറയിട്ടു വച്ചതാം
മൃദുലമാം മൊട്ടുകള്‍ പുഞ്ചിരിച്ചീടുന്നു

നിന്‍റെ വിഷാദം തുടിക്കുന്ന കണ്കളെ
നിന്‍റെ മധുരം തുളുമ്പുന്നയധരത്തെ
നീണ്ടിറങ്ങുന്ന അലസമാം കുറുനിരയെ
എന്നിലേക്കെപ്പോഴും നീളുന്ന മനസിനെ

നിന്റെ ഉച്ച്ച്വാസത്തിന്‍ മധുരം മറക്കുവാന്‍
മേനിയുടെ സുഖദമാം ഗന്ധം വെറുക്കുവാന്‍
നിന്റയാലിംഗനത്തില്‍ നിന്നൊഴിയുവാനാകുമോ
പ്രണയത്തിന്‍ നെടുവീര്‍പ്പില്‍ മുങ്ങുന്നിടത്തോളം

നിന്റെ നേര്‍ത്തതാം ഗാനമെന്‍ സിരകളില്‍
അഗ്നി പെയ്യിക്കുന്നുവെന്നുടല്‍ നീറ്റുന്നു
പ്രണയത്തിന്‍ ലഹരിയെന്‍ ചൊടികളിലുണ്ടെന്നു
പലയിടെയെന്‍ നാവു സാക്ഷ്യപ്പെടുത്തുന്നു

നിന്റെ വിഷാദം തുളുമ്പുന്ന കണ്‍കളില്‍
അനുരാഗമൊരു പുതിയ രാഗം പൊഴിക്കുന്നു
നിന്‍ വിപഞ്ചിക മീട്ടുന്നയീണമെന്‍
ഹൃദയസ്പന്ദനം നിശ്ചലമാക്കുന്നു

എന്റെ വാടിയില്‍ പൂക്കാതെ നിന്നതാം
രാജമല്ലികള്‍ പുഷ്പിച്ചതിന്നലെ
എന്റെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന
നിന്റെ മുടിയിഴകള്‍ക്കഴകേറ്റുവാനോ?

ഊര്‍ന്നു വീഴുന്ന ഒരു ചുരുള്‍മുടിപോലും
ഓര്‍ത്തിരുന്നിപ്പോള്‍ വിതുമ്പുന്നെന്‍ കൈകളില്‍
നേര്‍ത്ത ചില്ലികള്‍ ഭദ്രമായ് സൂക്ഷിച്ച
നീല നേത്രങ്ങളില്‍ എന്‍ വിഷാദസ്മരണകള്‍

എന്‍ രാവുകളെന്നോടു മന്ത്രിച്ചു
കാട്ടിതരാത്തതെന്തേ നിന്‍ പെണ്ണിനെ,
നീലച്ഹവിയാര്‍ന്ന കണ്കളെ, ചൊടികളില്‍
പ്രണയം നിറച്ച താമരപ്പൂവിനെ

നിന്റെ നൈര്‍മല്യമൊക്കെയും നിന്‍ കയ്യില്‍
ഭദ്രമായങ്ങിരിക്കട്ടെയെപ്പോഴും
കരുതലോടെ ഞാന്‍ കാക്കുന്നു നിന്നെയും
എഴുതാതെ വച്ചയെന്‍ കവിതയെ പോലെ

വാതായനത്തിലൂടെത്തി നോക്കുന്നൊരാ
താരകജാലങ്ങള്‍ നിന്നെ വെറുക്കുന്നു
കാരണം ഞാന്‍ നിന്റെ മടിയില്‍ കിടക്കുമ്പോള്‍
അവരെയും രാവിനെപ്പോലും മറക്കുന്നു

അഭൌമമാം സംഗീതമുള്ളിലൊളിപ്പിച്ച
വേണുവേപ്പോലെ ഞാന്‍ നിന്റെതാകുന്നു
പ്രണയത്തിന്‍ മലരുകള്‍ എന്‍ നെഞ്ചിലൊരു കൊച്ചു
തരളാനുഭൂതിയായ് തളിരിട്ടുയരുന്നു

എന്റെ ഉച്ഹ്വാസത്തിന്റെയുഷ്ണമോ, നീയെന്ന
വനദേവതയുടെ ചിറകുകള്‍ വിടര്‍ത്തുന്നു?
കൂരിരുട്ടാര്‍ന്നതാം എന്‍ ദിനങ്ങളോ
അപൂര്‍വ സുന്ദര നിമിഷങ്ങളാകുന്നു

നീയെനിക്കേകിയൊരൂഷ്മള സ്മരണകള്‍
എന്നിലെ വിരഹത്തിനാവൃത്തി കൂട്ടുന്നു
എന്റെ സ്വപ്‌നങ്ങള്‍ നിന്‍ ഹൃത്തിന്റെയാഴത്തില്‍
ഒരു പനിനീര്‍ പുഷ്പമായ് വിരിയാന്‍ കൊതിക്കുന്നു

പുലരിയില്‍ പൂവിട്ട മുല്ലതന്‍ മൊട്ടുകള്‍
നിന്റെ നിര്‍മല മേനിയെപ്പോലെ
നീഹാര ബിന്ദു തുളുമ്പി നില്കുന്നു നിന്‍
സ്വപ്നങ്ങളൊളിപ്പിച്ച മാറിടം പോലെ

ഇരുളും വെളിച്ചവും ഇണചേര്‍ന്നു നില്‍ക്കുന്ന
തരളിത രാവുകളെത്ര നാം കണ്ടു
ആത്മാക്കളനുരാഗ ബദ്ധരായെപ്പോഴും
ഒരു മോഹസ്വപ്നം ചമച്ചേയിരുന്നു

ഒരു നിമിഷം കൂടിയാമഴ നീണ്ടുനിന്നെങ്കില്‍
എന്നും മറക്കാത്ത ചുംബനം തന്നേനെ
തുഷാരബിന്ദുവെ സൂര്യനെന്നതു പോലെ
നിന്നാത്മാവെ മുഴുവനും ഞാന്‍ നുകര്‍ന്നേനെ..........

Labels: , ,

Friday, April 9, 2010

അനശ്വരപ്രണയം

കൌമാര പ്രണയത്തിന്‍ കുളിരാര്‍ന്ന സ്മൃതികളെ
ഉന്മാദകാലത്തിന്‍ രത്ന ചുരുക്കമേ
പൂമാരി കൊണ്ടെന്നെ പുളകിതനാക്കുന്ന
പ്രേമാര്‍ദ്രമാകും പനിനീര്‍ക്കിരീടമേ

ചെമ്പനീര്‍ച്ചെടി നട്ട പോലെയെന്‍ പ്രണയവും
കണ്ണീര്‍ നനച്ചപ്പോള്‍ മുള്ളിനാല്‍ നോവിച്ചു
ഇന്നെനിക്കാനന്ദമേകുവാനായ് തന്നു
നിന്നോര്‍മയാകുമീ ചെമ്പനീര്‍ മൊട്ടുകള്‍

പതിതനേന്‍ പ്രണയമറിയിക്കുവാനെഴുതി ഞാന്‍
ഹൃദയ രക്തത്തിനാലായിരം കവിതകള്‍
നിര്‍ദയം ചീന്തിയെറിഞ്ഞ നീയറിഞ്ഞുവോ
സ്പന്ദിച്ചിടുന്നെന്‍ ഹൃത്ത് നിന്‍ കൈകളില്‍

നിന്‍ മുന്നിലാര്‍ത്തനായ് കൈനീട്ടി നിന്നപ്പോള്‍
പ്രണയത്തിലന്ധനായ് ഞാനെന്നറിഞ്ഞോ, നീ
അണയാത്തൊരല്പം പ്രകാശം ചൊരിഞ്ഞുനീ
കനിവേകുമെന്നു ഞാന്‍ കാംക്ഷിച്ചു, വെറുതെ

നന്ദിയുണ്ടെനിക്കെന്നുമെന്‍ സ്നേഹിതേ
നിരസിച്ചതിന്നെന്റെ പ്രണയത്തെയെന്നുമേ...
മധുരമറിയുന്നു ഞാന്‍ നെല്ലിക്ക തിന്നപോല്‍
അധിക സുഖമുണ്ടതിന്‍ സ്മൃതികളുയരുമ്പോള്‍

നഷ്ട പ്രണയങ്ങളെന്നുമനശ്വരം
പുഷ്പിതങ്ങളോ, വിസ്മൃതം ഭൂമിയില്‍
ശിഷ്ടമോര്‍ക്കുവാനെന്നുമുണ്ടോര്‍മ്മകള്‍
ബാഷ്പമേകിയ പ്രണയി, ഞാന്‍ ഭാഗ്യവാന്‍....

Labels: , ,

Wednesday, March 24, 2010

വിട

നിയതിയുടെ നേരായ പാതയില്‍ തിരിയുന്ന ഗോളത്തെ
തടയുവാന്‍ നോക്കുന്ന വിഡ്ഢിയാണിന്നുഞാന്‍
അറിയാത്ത സത്യത്തിന്നലയൊലികള്‍ കാതൊര്‍-
ത്തോരജ്ഞാത രാവിലെക്കലിയുന്നു മൂകമായ്

രാപ്പാടി പാടുന്ന രാഗങ്ങളെക്കേട്ടു ശാന്തമായ്
ഞാനൊന്നുറങ്ങിയിട്ടേറെയായ് നാളുകള്‍
പുലരികള്‍ തൂവെളിച്ചം കൊണ്ടു പുല്‍കുന്ന
യാമത്തിലും ഞാനുറങ്ങാതെയുരുകുന്നു

പൊഴിയാത്ത മഴപോലെ, ഹൃദയത്തിന്‍ താവഴി
യിലെവിടെയോ ഉരുകിയൊലിക്കുന്നു ബാഷ്പങ്ങള്‍
മൃതമായ സ്വപ്‌നങ്ങള്‍ മാറാല കെട്ടിയെന്‍
മാറിലൊരു മറയാത്ത ഭാരം നിറക്കുന്നു
ഭ്രാന്തന്‍റെ ജട പോലെ, ചെമ്പിച്ച മുടി പോലെ
ചുടലയിലെരിയുന്നൊരസ്ഥികൂടം പോലെ

രക്തയോട്ടം ചത്ത ത്വക്കിലീ രാത്രിമഴ
വന്നു പതിക്കുമ്പോഴില്ലാത്മ ഹര്‍ഷങ്ങള്‍
രോമകൂപങ്ങള്‍ക്കു ജീവനില്ലവിടിവിടെ
യേതോ പുഴുക്കള്‍ നുരച്ചു പുളയ്കുന്നു
കുഷ്ടം പിടിച്ചൂര്‍ന്നു പോയ വിരല്പ്പാടില്‍
കുളയട്ടകള്‍ തൂങ്ങിയെന്നേ കിടക്കുന്നു

കഷ്ടമീ മരവിച്ച മനസിലില്ലിനിയാത്മ
പ്രേയസിക്കായ് കാത്തു വെച്ച പ്രേമക്കനി
ഉരുകുമെന്‍ ഹൃദയത്തിലെവിടെയോ ഞാന്‍ കാത്ത
പുഷ്പത്തിന്‍ ശയ്യയിലുറങ്ങുമെന്‍ ശ്രീദേവി
ആഴിയുടെ ആഴങ്ങള്‍ കരിനീല വര്‍ണ്ണങ്ങള്‍
കണ്ട നിന്‍ കണ്‍കളോ കണ്ണീര്‍തടാകങ്ങള്‍

ഇനിയെന്‍റെയോമലെ ഈ ശാപ ജന്മത്തിന്‍
പാപത്തിന്‍ പങ്കു നീയെന്തിനേറ്റീടണം
പോകണം, ഇനിയെന്നെ വിട്ടെന്‍റെ പ്രിയ സഖീ
ഏതോ മരുപ്പച്ച തേടി നീ നിശ്ചയം
ഇനിയില്ല നിര്‍വാണമെന്‍ ലോകജീവിതം
ഈ കാട്ടിറമ്പും കൊതുകിന്നിരമ്പവും

അണയാത്തോരഗ്നിയെന്നുള്ളില്‍ ജ്വലിപ്പിച്ച-
തിന്നെന്നുമേ ഞാന്‍ നിന്നില്‍ കൃതാര്‍ത്ഥനാം
നിന്നുടെ നെറ്റിയില്‍ സീമന്തരേഖയില്‍
ചാര്‍ത്തുവാന്‍ ഞാന്‍ വെച്ച കുങ്കുമചെപ്പുകള്‍
നിന്നെയണിയിച്ചു കാണാന്‍ കൊതിച്ചതാം
പാട്ടുകള്‍ നാഗപ്പടതാളിയൊക്കെയും
എന്‍ കുഴിമാടത്തിലെന്നന്ത്യശയ്യയില്‍
എന്‍റെയൊപ്പം നീയടക്കണം പ്രണയിനീ

കാലമായെന്‍ കണ്ണിലാലസ്യമേറുന്നു
വരളുന്ന ചുണ്ടിനാല്‍ ചൊല്ലുന്നു ഞാന്‍ വിട
പോകുന്നു, ഇനി നമ്മള്‍ കണ്ടാല്‍ നീ ചൊല്ലണം
അറിയില്ലയെന്നെയെന്നൊരുവേള പോലുമേ
ചോദിക്കയില്ല ഞാന്‍ 'നീയുമോ പ്രിയസഖീ'
കണ്ടിരിക്കുന്നു ഞാന്‍ ലോകത്തിന്‍ പലമുഖം

പലതവണയെന്നെ കടന്നു പോയ്‌, പുച്ചിച്ചു
പൊട്ടിച്ചിരിച്ചു കൊണ്ടെന്‍ പഴയകൂട്ടുകാര്‍
നല്ല കാലത്തെന്നെയൂറ്റിക്കുടിച്ചവര്‍,
ഉന്മാദ മോഹികള്‍, കൊച്ചു കന്നട്ടകള്‍

ആരുമോര്‍ക്കേണ്ടയെന്‍ മുന്‍കാല ജീവിതം
കരുണകാട്ടേണ്ടാരുമുരുകേണ്ട നെഞ്ചകം
കാല്‍പനിക ലോകത്തില്‍ ജീവിച്ചൊടുങ്ങുമീ
പാവത്തിന്‍ കല്ലറയിലാര്‍ക്കാത്മശാന്തി...........?

Labels: , , ,

Saturday, February 20, 2010

മാനം തെളിഞ്ഞപ്പോള്‍

എന്നുടെ ഹൃദയം ദുഃഖം കൊണ്ടു
നിറഞ്ഞു കവിഞ്ഞപ്പോള്‍
നീല വിഹായസ്സിലൊരു നാള്‍ കണ്ടു
ഭംഗി നിറഞ്ഞൊരു മഴമേഘം

സന്ധാപാധിക്യത്തിന്നാല്‍ ഞാന്‍
വേപഥുവോടെ നില്‍ക്കുമ്പോള്‍
ആ കോടക്കാറെന്നോടോതീ-
യുത്തമമാമോരുപദേശം

സങ്കടമേതും വന്നിടുകില്‍ നീ
തെറ്റുകളെല്ലാം പുനരോര്‍ക്ക
ചൊല്ലിക്കരയുക, നിന്നുടെ കയ്യാല്‍
പറ്റിപ്പോയൊരബദ്ധങ്ങള്‍

കണ്ടിട്ടില്ലേ സൂര്യവെളിച്ചം
മങ്ങിപ്പോകും വേളകളില്‍
കാര്‍കൊണ്ടലുകള്‍ മാനത്തെങ്ങും
കാളിമ ചാലിക്കും നേരം

മേഘങ്ങള്‍ മഴ പൊഴിയുന്നു, മന-
താര് കുളിര്‍ക്കെ കരയുന്നു
ഇടിയും മിന്നലുമേവം നമ്മുടെ
തെറ്റുകളോരോന്നോതുന്നു

ഒടുവില്‍ ദുഃഖം മാഞ്ഞൂ, സൂര്യ
തേജസ്സു പാരില്‍ നിറയുന്നു
അതു നല്‍കുന്നൊരു നല്ല വെളിച്ചം
പുതുതായ് നിറയുന്നാവേശം

കരയുക കനവിന്‍ കദനം മാറ്റാന്‍
മനസ്സിന്‍ മാലിന്യം നീങ്ങാന്‍
പാശ്ചാത്താപത്തോടെ കരഞ്ഞാല്‍
ഹൃദയത്തിന്‍ കറ നീങ്ങുന്നു

ഹൃത്തില്‍ പുതിയൊരു തേജസ്സുണര്‍ന്നു
ഉള്ളില്‍ നിറയുന്നാശ്വാസം
മനസ്സില്‍ തെളിയും ജ്യോതിസ്സുമായി
ഇനിയും ദൂരം മുന്നേറൂ.......
[ജൂലൈ-2004]

Labels:

യാത്രാമൊഴി

(ആറു കൊല്ലത്തെ നവോദയ ജീവിതത്തിന്‍റെ അന്ത്യം ഉള്ളില്‍ പൊടിച്ച വേദനയുടെ ബഹിര്‍സ്ഫുരണമായി ഒരു കവിത, )


വിരഹമാണോമലെ, പരമാണുവുള്ളിലും
അണയാതെയഗ്നിയായ് ആളുന്നു, പൊള്ളുന്നു
എണ്ണമില്ലാത്തതാം സ്വപ്‌നങ്ങള്‍ കണ്ടു ഞാന്‍
ഉണരുന്നു, ഞെട്ടുന്നു, തള്ളുന്നു രാത്രികള്‍

ഉഷ്ണക്കൊടുങ്കാറ്റിലുഴലുന്നു, പുളയുന്നു
ശൈത്യത്തിനിടയിലും എന്‍ മേനിയുരുകുന്നു
യാത്രയില്‍, വഴികളിലുപേക്ഷിച്ച മോഹങ്ങള്‍
മഥിക്കുന്നുമിത്തീയിലെന്നെ കിടത്തുന്നു

ആര്‍ത്തനാദങ്ങളെന്നുള്ളിലുണ്ടെങ്കിലും
ഉയരാതുടക്കിക്കിടക്കുന്നു രോദനം
എന്തു ഞാനിനിയേറെയലറിയാലും, കേട്ടു
വരികയില്ലാരുമെന്‍ വിജനമാം വഴികളില്‍

ജ്വരബാധയേറ്റു പുലമ്പുന്നയെന്‍ പ്രേമ-
ജല്പനം കേള്‍കുവാനിവിടാരുമില്ലേ
സഖികളായാരോരുമില്ലായെനിക്കെന്‍റെ
ശ്രോതാക്കള്‍ ലോകത്തിന്‍ ബധിരമാം കര്‍ണ്ണങ്ങള്‍

ഏറെ ഞാനനുഭവിച്ചെന്‍ ഭാഗ്യവേളക-
ളീ മരുപ്പച്ചതന്നൂഷ്മളച്ചായയില്‍
തീരെയില്ലിനിനേരമമ്മതന്‍ മടിയിലെ
സുരക്ഷയും സ്നേഹവുമോര്‍മ്മയായി മാറുവാന്‍

ആറു വസന്തര്‍ത്തുക്കള്‍ കടന്നേപോയി
ഈറന്‍ മിഴികളിലഴലിന്‍റെ നിഴലുകള്‍
ചാറ്റല്‍ മഴ പോലെ, പിറ പോലെ, അല പോലെ
ദിവ്യമാം സ്നേഹത്തിന്‍ ചുടല പോലെ

സാന്ദ്രമാമൊരു നാദമിനിയുയര്‍ത്തീടുവാ-
നെന്‍ നെഞ്ചിലൊരു വേണു വീര്‍പ്പുമുട്ടുന്നു
സൃഷ്ടിയുടെ വേദനയുമതിനന്ത്യ ലഹരിയു-
മനുഭവിച്ചറിയുവാന്‍ ഇനിയുമുണ്ടാഗ്രഹം

കുഞ്ഞിനെപ്പിരിയുമോരമ്മതന്നുള്ളിലെ
നോവും വിരഹത്തിന്‍ താപവും ശോകവും
അനുഭവിക്കുന്നുണ്ടാകുമെന്നെ വളര്‍ത്തിയ
വിദ്യാലയം തന്‍റെ ഹൃത്തിന്‍ തടങ്ങളില്‍

പിന്നെ സജലമായ് തീരുമാക്കണ്ണുകള്‍
മിന്നിത്തിളങ്ങുമവ സ്വപ്നത്തിലാര്‍ദ്രമായ്
തന്‍റെ മക്കള്‍ പോയി വലുതായി വളരണം
നന്മ വരട്ടെയെന്നോതുമവളന്ത്യമായ്

വിടപറഞ്ഞീടുവാനെന്‍ ബാഷ്പബിന്ദുക്കള്‍
കോറിയിടുന്നൊരാ കന്മദച്ചാലുകള്‍-
ക്കപ്പുറത്തുണ്മയുടെ ക്രീഡകള്‍ കാണുന്ന
നിര്‍ജീവമായ നിമീലിത നേത്രങ്ങള്‍
[feb2005]

Labels:

നഷ്ടപ്പെട്ട വിലാപം

മേഘമൊഴിഞ്ഞൊരു വാനില്‍, താരക
ജാലം നീന്തി നടക്കുമ്പോള്‍
മനസ്സില്‍ തെളിയുവതെന്തോ, വെറുതെ
നഷ്ടപ്പെട്ട വിലാപങ്ങള്‍

ചൊല്ലിക്കരയാനാരുണ്ടിനിയൊരു
കദനം പറയാനാരുണ്ട്
എന്തുണ്ടിനിയാശിക്കാന്‍, കിളിയെ
വെയിലും മഴകളുമൊരുപോലെ

ഇണയൊടു ചേര്‍ന്നുരമിച്ചു, കഷ്ട-
പ്പെട്ടൊരു കൂടുചമച്ചു നീ
മനസ്സിന്‍ നിര്‍വൃതി നേടീ മുട്ടക-
ളിട്ടു നിറച്ചു നിന്‍ നീഡം

മാതൃത്വത്തിന്‍ സ്വപ്നങ്ങളുമായ്‌
പ്രത്യാശകളുടെ മേല്‍ അടയായി
പൊട്ടി വിരിഞ്ഞൂ കുഞ്ഞുങ്ങള്‍ വന്ന-
വരെ കാത്തു പുലര്‍ത്തീ നീ

മേടച്ചൂടില്‍ നിന്നൊടു കൊത്തി
വെവ്വേറെ പോയ്‌, പൊന്‍മക്കള്‍
വീണ്ടും വന്നൂ ഋതു ഭേദങ്ങള്‍
ആവര്‍ത്തിച്ചിവയൊരു പോലെ

ഒടുവില്‍ വാര്‍ധക്യത്തില്‍ നീയി-
ന്നേകയും അബലയുമായ് തീര്‍ന്നു
എന്തുണ്ടു നിനക്കാശിക്കാനിനി
വെയിലും മഴകളുമൊരുപോലെ
[aug2004]

Labels:

Thursday, February 18, 2010

ഒരു യാത്ര

{ ഭോപാലിലെക്കുള്ള ഒരു തീവണ്ടി യാത്രയിലെ ചില ചിന്തകള്‍}

നീഹാര ബിന്ദുക്കള്‍ ഈറന്‍ പുതപ്പിച്ച
വാതായനത്തിലൂടെ ഞാന്‍ നോക്കുന്നിരുട്ടിലായ്
കാണാമെനിക്കേറെ രൂപങ്ങള്‍ പിന്നിലെന്‍
കാണാമറയത്തെക്കോടി ഒളിക്കുന്നു

ഈ വണ്ടിയോടുന്നെന്‍ മലയാള മണ്ണുവി
ട്ടീവീഥിയൊക്കെ ഞാനാദ്യമായ് കാണുന്നു
ജീവിതയാത്രപോല്‍ തോന്നുന്നെനി-
ക്കെന്‍റെയമ്മയെ വിട്ടു പോകുന്ന പോലെയാം

അമ്മ തന്നങ്കതലത്തിന്‍റെയൂഷ്മള-
ച്ചായപോയ് പിന്നെയോ ശുഷ്കമാം ജീവിതം
ഏകാന്ത പഥികനല്ലേകനല്ലെങ്കിലും
ചുറ്റിനുമുള്ളവരെല്ലാരുമന്യരാം

പരിചയപ്പെട്ടുഞാന്‍ പലരെയും പക്ഷേയെന്‍
വിധി, പിരിയുവാനാണവരെയീ വഴികളില്‍
പക്ഷെയറിയുന്നിന്നേകാന്ത യാത്രയില്‍
നഷ്ടപ്പെടുന്നതുമേറെ സുഖപ്രദം

ഒറ്റയ്കിരിക്കുന്നതല്ലെ സ്വതന്ത്രത
ബന്ധങ്ങള്‍ സ്വന്തങ്ങളൊക്കെയും ബന്ധനം
ഊഷര ഭൂമികള്‍ മുള്‍ച്ചെടിക്കാടുക-
ളൊക്കെയും യാത്രതന്‍ കാഠിന്യമേറ്റുന്നു
എങ്കിലുമറിയുന്നു കഠിനമാം വഴികളും
ജീവിതയാത്രയില്‍ ഹൃദയത്തിനിന്ധനം

പോകുന്നു ഞാനിനിക്കന്യമാം നാടതില്‍
സഹയാത്രികര്‍ ചിലര്‍ക്കവിടമേ സ്വന്തം
വിഷാദ മഗ്നമായ് മാറുന്നുവെന്‍ മുഖം
ആഹ്ലാദ ചിത്തരാണെന്‍കൂടെയുള്ളവര്‍

ഹൃത്തില്‍ പൊടിയുന്ന ചുടുനിണമിറ്റിച്ചു
വിരലിനാലെഴുതുന്നിതെന്‍ യുഗ്മഗാനം
ഒടുവില്‍ വന്നെത്തിയെന്‍ യാത്രയുടെയന്ത്യനാള്‍
ഒരുക്കം തുടങ്ങി ഞാനതിനോടു ചേരുവാന്‍

വാടിത്തളര്‍ന്നയെന്‍ മുഖവും കുപ്പായവും
മാറ്റിവെളുത്തതെടുത്തു പുതച്ചു ഞാന്‍
അന്ത്യമണി കേള്‍ക്കയാലറിയുന്നു, സമയമായ്
മൂകമായ് ഞാനുമിങ്ങലിയുന്നിരുട്ടിലായ്
[oct2006]

Labels: