യാത്രാമൊഴി
(ആറു കൊല്ലത്തെ നവോദയ ജീവിതത്തിന്‍റെ അന്ത്യം ഉള്ളില്‍ പൊടിച്ച വേദനയുടെ ബഹിര്‍സ്ഫുരണമായി ഒരു കവിത, )
വിരഹമാണോമലെ, പരമാണുവുള്ളിലും
അണയാതെയഗ്നിയായ് ആളുന്നു, പൊള്ളുന്നു
എണ്ണമില്ലാത്തതാം സ്വപ്‌നങ്ങള്‍ കണ്ടു ഞാന്‍
ഉണരുന്നു, ഞെട്ടുന്നു, തള്ളുന്നു രാത്രികള്‍
ഉഷ്ണക്കൊടുങ്കാറ്റിലുഴലുന്നു, പുളയുന്നു
ശൈത്യത്തിനിടയിലും എന്‍ മേനിയുരുകുന്നു
യാത്രയില്‍, വഴികളിലുപേക്ഷിച്ച മോഹങ്ങള്‍
മഥിക്കുന്നുമിത്തീയിലെന്നെ കിടത്തുന്നു
ആര്‍ത്തനാദങ്ങളെന്നുള്ളിലുണ്ടെങ്കിലും
ഉയരാതുടക്കിക്കിടക്കുന്നു രോദനം
എന്തു ഞാനിനിയേറെയലറിയാലും, കേട്ടു
വരികയില്ലാരുമെന്‍ വിജനമാം വഴികളില്‍
ജ്വരബാധയേറ്റു പുലമ്പുന്നയെന്‍ പ്രേമ-
ജല്പനം കേള്‍കുവാനിവിടാരുമില്ലേ
സഖികളായാരോരുമില്ലായെനിക്കെന്‍റെ
ശ്രോതാക്കള്‍ ലോകത്തിന്‍ ബധിരമാം കര്‍ണ്ണങ്ങള്‍
ഏറെ ഞാനനുഭവിച്ചെന്‍ ഭാഗ്യവേളക-
ളീ മരുപ്പച്ചതന്നൂഷ്മളച്ചായയില്‍
തീരെയില്ലിനിനേരമമ്മതന്‍ മടിയിലെ
സുരക്ഷയും സ്നേഹവുമോര്‍മ്മയായി മാറുവാന്‍
ആറു വസന്തര്‍ത്തുക്കള്‍ കടന്നേപോയി
ഈറന്‍ മിഴികളിലഴലിന്‍റെ നിഴലുകള്‍
ചാറ്റല്‍ മഴ പോലെ, പിറ പോലെ, അല പോലെ
ദിവ്യമാം സ്നേഹത്തിന്‍ ചുടല പോലെ
സാന്ദ്രമാമൊരു നാദമിനിയുയര്‍ത്തീടുവാ-
നെന്‍ നെഞ്ചിലൊരു വേണു വീര്‍പ്പുമുട്ടുന്നു
സൃഷ്ടിയുടെ വേദനയുമതിനന്ത്യ ലഹരിയു-
മനുഭവിച്ചറിയുവാന്‍ ഇനിയുമുണ്ടാഗ്രഹം
കുഞ്ഞിനെപ്പിരിയുമോരമ്മതന്നുള്ളിലെ
നോവും വിരഹത്തിന്‍ താപവും ശോകവും
അനുഭവിക്കുന്നുണ്ടാകുമെന്നെ വളര്‍ത്തിയ
വിദ്യാലയം തന്‍റെ ഹൃത്തിന്‍ തടങ്ങളില്‍
പിന്നെ സജലമായ് തീരുമാക്കണ്ണുകള്‍
മിന്നിത്തിളങ്ങുമവ സ്വപ്നത്തിലാര്‍ദ്രമായ്
തന്‍റെ മക്കള്‍ പോയി വലുതായി വളരണം
നന്മ വരട്ടെയെന്നോതുമവളന്ത്യമായ്
വിടപറഞ്ഞീടുവാനെന്‍ ബാഷ്പബിന്ദുക്കള്‍
കോറിയിടുന്നൊരാ കന്മദച്ചാലുകള്‍-
ക്കപ്പുറത്തുണ്മയുടെ ക്രീഡകള്‍ കാണുന്ന
നിര്‍ജീവമായ നിമീലിത നേത്രങ്ങള്‍
[feb2005]
Labels: വിരഹം

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home