Thursday, February 18, 2010

ഒരു യാത്ര

{ ഭോപാലിലെക്കുള്ള ഒരു തീവണ്ടി യാത്രയിലെ ചില ചിന്തകള്‍}

നീഹാര ബിന്ദുക്കള്‍ ഈറന്‍ പുതപ്പിച്ച
വാതായനത്തിലൂടെ ഞാന്‍ നോക്കുന്നിരുട്ടിലായ്
കാണാമെനിക്കേറെ രൂപങ്ങള്‍ പിന്നിലെന്‍
കാണാമറയത്തെക്കോടി ഒളിക്കുന്നു

ഈ വണ്ടിയോടുന്നെന്‍ മലയാള മണ്ണുവി
ട്ടീവീഥിയൊക്കെ ഞാനാദ്യമായ് കാണുന്നു
ജീവിതയാത്രപോല്‍ തോന്നുന്നെനി-
ക്കെന്‍റെയമ്മയെ വിട്ടു പോകുന്ന പോലെയാം

അമ്മ തന്നങ്കതലത്തിന്‍റെയൂഷ്മള-
ച്ചായപോയ് പിന്നെയോ ശുഷ്കമാം ജീവിതം
ഏകാന്ത പഥികനല്ലേകനല്ലെങ്കിലും
ചുറ്റിനുമുള്ളവരെല്ലാരുമന്യരാം

പരിചയപ്പെട്ടുഞാന്‍ പലരെയും പക്ഷേയെന്‍
വിധി, പിരിയുവാനാണവരെയീ വഴികളില്‍
പക്ഷെയറിയുന്നിന്നേകാന്ത യാത്രയില്‍
നഷ്ടപ്പെടുന്നതുമേറെ സുഖപ്രദം

ഒറ്റയ്കിരിക്കുന്നതല്ലെ സ്വതന്ത്രത
ബന്ധങ്ങള്‍ സ്വന്തങ്ങളൊക്കെയും ബന്ധനം
ഊഷര ഭൂമികള്‍ മുള്‍ച്ചെടിക്കാടുക-
ളൊക്കെയും യാത്രതന്‍ കാഠിന്യമേറ്റുന്നു
എങ്കിലുമറിയുന്നു കഠിനമാം വഴികളും
ജീവിതയാത്രയില്‍ ഹൃദയത്തിനിന്ധനം

പോകുന്നു ഞാനിനിക്കന്യമാം നാടതില്‍
സഹയാത്രികര്‍ ചിലര്‍ക്കവിടമേ സ്വന്തം
വിഷാദ മഗ്നമായ് മാറുന്നുവെന്‍ മുഖം
ആഹ്ലാദ ചിത്തരാണെന്‍കൂടെയുള്ളവര്‍

ഹൃത്തില്‍ പൊടിയുന്ന ചുടുനിണമിറ്റിച്ചു
വിരലിനാലെഴുതുന്നിതെന്‍ യുഗ്മഗാനം
ഒടുവില്‍ വന്നെത്തിയെന്‍ യാത്രയുടെയന്ത്യനാള്‍
ഒരുക്കം തുടങ്ങി ഞാനതിനോടു ചേരുവാന്‍

വാടിത്തളര്‍ന്നയെന്‍ മുഖവും കുപ്പായവും
മാറ്റിവെളുത്തതെടുത്തു പുതച്ചു ഞാന്‍
അന്ത്യമണി കേള്‍ക്കയാലറിയുന്നു, സമയമായ്
മൂകമായ് ഞാനുമിങ്ങലിയുന്നിരുട്ടിലായ്
[oct2006]

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home