Saturday, February 6, 2010

എന്‍റെ സഞ്ചയനം

ക്ഷണിക്കാതെ എന്നെയന്നൊരു നോക്കു കാണുവാന്‍
കണ്ണീരണിഞ്ഞതാം മിഴികളോടെത്തിയോര്‍
എണ്ണിയാല്‍ തീരാത്ത ജനസംഘമെത്തിയിട്ടു
ണ്ടിന്നുമെന്‍ സഞ്ചയന സദ്യയുണ്ടീടുവാന്‍

രോഗമെന്‍ ദേഹത്തെ കാര്‍ന്നിടും വേളയില്‍
വേഗമെന്‍ കാലനൊന്നണയാന്‍ കൊതിച്ച നാള്‍
സൌഖ്യമാശംസിച്ചെന്‍ ശോകത്തെപ്പങ്കിടാനാ-
രികിലീ വഴി വന്നിരുന്നീലല്ലോ

തെക്കിനിതുണ്ടിലെന്‍ ദേഹം ദഹിച്ചതിന്‍
ശേഷിച്ച ചാരത്തില്‍ പുകയില്ല കനലില്ല
നില്കുന്നു മാങ്കുറ്റിയെന്‍കൂടെ വെന്തതിന്‍
ബാക്കിയായസ്ഥിമാടം പോലെ പൊക്കത്തില്‍

എരിഞ്ഞടങ്ങുമൊരു ചിത പോലെ ജീവിതം
മരിച്ചിടും മുന്പിതാളുന്നു ഘോരമായ്
ദുഷിച്ച നാറ്റം പരത്തിയീലോകത്തില്‍
ദേഹി പുക പോലെ പോകുന്നു, നിശ്ചെഷ്ട ചാരം ശരീരം

ഇത്ര നാള്‍ സ്നേഹിച്ച ദേഹത്തെ വിട്ടു ഞാന്‍
തത്രപ്പെട്ടോടിയ നേരത്തു പോലുമെന്‍
ഗാത്രത്തെക്കെട്ടിപ്പിടിച്ചു കരഞ്ഞവര്‍
ക്കെത്രയും സ്വാര്‍ഥമാം വീര്‍പ്പുകള്‍ മാത്രമാം

പ്രിയപത്നി ചോടിപ്പിതെന്‍ ജഡത്തെപ്പൂണ്ടി-
തരുതെന്തിനെങ്ങളെ വിട്ടിട്ടു പോയി നീ
ആരുണ്ടിതെന്‍ വഴിയിലായ് കൂടെനി
ന്നഴലിലും നിഴലിലും തുണയായിരിക്കുവാന്‍

പ്രേമാര്‍ദ്ര രാത്രികളിലെന്‍ ശയ്യ കുളിര്‍കോരി
വാമ ഭാഗത്തില്‍ നീ ഉണ്ടായിരുന്നല്ലോ
തൂമന്ദഹാസം ചൊരിഞ്ഞു നീ നില്‍ക്കാതി-
യാമാതിലെന്നെ തനിച്ചാക്കിപ്പോകയോ?

"ഈ ഭുവന വാസം മടുത്തു നീ പോയപ്പോള്‍
ശപ്തയെന്നെയും കൂട്ടാഞ്ഞതെന്തെടോ?"
നീ വരില്ലെന്നറിഞ്ഞു ഞാന്‍ വിളിച്ചീല
ആര് കേള്‍കുവാന്‍ നിന്‍ ഭംഗി വാക്കുകള്‍?

ജീവസ്പന്ദനം നിലച്ചതാമെന്‍ ഗാത്രം
മൂന്നു നാള്‍ നിങ്ങളൈസില്‍ വച്ചീലയോ
കാത്തുവച്ചെന്‍റെ മരവിച്ച ദേഹത്തെ
ഫ്രാന്‍‌സില്‍ ഉള്ളോരു പുത്രന്‍റെ വരവിനായ്

മോടികൂട്ടുവാന്‍ തൈലം തളിച്ചിട്ട്
പ്രൌഡിയോടൊരു മൊബൈല്‍ മോര്‍ച്ചറി
ക്കുള്ളില്‍ വച്ചെന്‍റെ നീലിച്ച ദേഹത്തെ
നാലാള് കാണാനനുശോചിച്ചീടുവാന്‍

കത്തിയെരിഞ്ഞെന്‍റെ ചിതയില്‍ കിടന്നതാ-
മസ്ഥിയൊന്നുരണ്ടൊരു കുടം പേറുന്നു
ഇത്ര നാള്‍ ഭൂവില്‍ കുടുങ്ങിക്കിടന്നോരെ-
ന്നസ്തിത്വമിപ്പോഴും തടവിലാണങ്ങനെ

അങ്ങകത്തെ മുറിയില്‍ മുഴങ്ങുന്നി-
തെന്മരണ പത്രത്തിന്‍ പേരിലെ ചര്‍ച്ചകള്‍
വസ്തുവകകള്‍ തികഞ്ഞില്ലയെന്നോര്‍ത്തു
പ്രാകുന്നിതെന്‍ മക്കളും മരുമക്കള്‍

വൈധവ്യ പെന്‍ഷനൊന്നൊപ്പിക്കുവാന്‍ വേണ്ടി
കാതോര്‍തിരിക്കുന്നിതെന്‍ ഭാര്യയെങ്കിലോ
വൃദ്ധസദനത്തിലമ്മയെ തള്ളുവാന്‍
ബുദ്ധിയാലോചിച്ചിരിക്കുന്നു മക്കളും

പൊതു ദര്‍ശനത്തിന് വെച്ചതാമെന്‍ മുന്നില്‍
നേതാവോരാളെന്നെയേറെ പ്രശംസിച്ചു
കൈതവം ചൊല്ലുന്നതല്ല ഞാന്‍ സത്യത്തി
ലാദ്യമാണയാളെന്നെ ദര്‍ശിപ്പതും

ഭാവനാസൃഷ്ടിയാം പലതും പറഞ്ഞയാ-
ളവകാശമാക്കിയെന്‍ സൌഹൃദ ബന്ധവും
ശവമെണീറ്റോതീടുകില്ലെന്നുറപ്പിലോ
യിവനെന്‍റെ പേരിലും വോട്ടുകള്‍ കാണുന്നു

വിസ്തരിച്ചീടുവാനില്ലിനിയി ജീവിതം
വിസ്മരിച്ചീടുമെന്‍ ജന്മമെല്ലാവരും
മസ്തകം പോക്കിയീ ഭൂവില്‍ മദിച്ചവര്‍
ഭസ്മമായ് ഭൂതങ്ങളായ്പ്പിരിഞ്ഞീടുന്നു

സ്നേഹമെന്നുള്ളതോ, മരണത്തിന്‍ മുന്‍പെയാം
മോഹമൊക്കെയും ഭൂവില്‍ മറക്കണം
സര്‍വമുപേക്ഷിച്ചിതെന്‍ ജീവ ദേഹിയെ
പരമാത്മ സന്നിധിയില്‍ ചേര്‍ക്കണം ത്ധടുതിയില്‍

ഇന്നിതില്ലെന്നുള്ളിലധികമായാഗ്രഹം
ഒന്നു കൂടിയീഭൂവില്‍ ജനിക്കുവാന്‍
മന്നിതിലിന്നിക്കുടിലമാം നരകത്തി
ലെന്തിനിനി ഞാനീ നിന്ദകള്‍ താങ്ങണം

തെക്കുഭാഗത്തു തെങ്ങ് വച്ചേടത്തോ-
രട്ടി മണ്ണെനിക്കവകാശമാണിന്നും
അവിടെയെന്‍ തറയില്‍ തിരിതെളിച്ചീടുവാ-
നരികിലില്ലെനിക്കാരോരുമിനി മേലില്‍

മക്കളെല്ലാമിന്നാടു വിട്ടിട്ടങ്ങു
മറ്റു രാജ്യങ്ങളില്‍ ചേക്കിടം തേടുന്നു
തെറ്റുകൂടാതെയിംഗ്ലീഷു ചൊല്ലുമെന്‍
കൊച്ചു മക്കള്‍ക്കറിയുമോ കൈരളി

എന്തിനായി ഞാന്‍ തേങ്ങുന്നതിങ്ങനെ
ന്നത്മാവു നിര്‍വാണ പൂര്‍ത്തി നേടുമ്പോള്‍
കാതമേറെ ഞാനോടിത്തളര്‍ന്നെന്നി-
ലൌത്സുക്യമങ്ങെന്‍റെ നിത്യതയിലെത്തുവാന്‍

മഹിയില്‍ പകയും കുടിലതയുമെന്തിനാ-
ണഹിതമാം കാര്യങ്ങള്‍ ചിന്തിക്ക വേണ്ടടോ
മോഹഭംഗങ്ങള്‍ തന്നൊരീഭൂമിയില്‍
സ്നേഹശില്‍പങ്ങള്‍ പണിതുയര്‍ത്തീടുക

നേരമാകിലോ പോകണം, ക്ഷിതിവിട്ടു
പരലോക ഗേഹമേ പരമാത്മസത്യം
കരയുകില്ല ഞാനറിയാതെ പകരമി-
ന്നറിയുന്നു ജന്മമൊരു ക്ഷണമാത്ര സംഭവം
[jan2006]

Labels:

1 Comments:

At February 11, 2010 at 9:51 AM , Blogger CVB said...

Manoharam....Athunikatha nannayi nizhalichu nilkkunnu

 

Post a Comment

Subscribe to Post Comments [Atom]

<< Home