Tuesday, April 13, 2010

പ്രണയത്തിന്‍റെ ഫിലോസഫി

പറയട്ടെ, ഞാനെന്‍റെ പ്രണയിനീ ഇപ്പോഴും
പൂര്‍ണ്ണമായ് നിന്‍റെതു മാത്രമാകുന്നു ഞാന്‍
എടുത്തു കൊള്‍ക നീ, വേണ്ടതെന്താകിലും
വെടിഞ്ഞിടല്ലേ നിന്‍ പ്രണയത്തിന്‍ സുസ്മിതം

നിന്‍റെ പനിനീരിന്‍ പുഷ്പമാം പുഞ്ചിരി
യെന്റെ ഹൃദയത്തിനെത്രയും നിര്‍വൃതി
പുഞ്ചിരിക്ക നീ, ഓര്‍ത്തോര്‍ത്തു നിന്നെയും
വാഞ്ചിച്ചു മാത്രമിരിക്കുന്നോരെന്നെയും

നിന്‍റെ രക്തച്ഹവിയുള്ള ചുണ്ടുകള്‍
പുഞ്ചിരിക്കട്ടെ, യൊഴുകട്ടെ സൗരഭം
തിരിച്ച്ചെടുക്കല്ലേ ആമോഹദര്‍ശനം
മരിച്ചു പോകുമീ കാമുകന്‍ നിശ്ചയം

മരണമെന്നതും സൗഭാഗ്യമല്ലെ നിന്‍
പ്രണയമാണതിന്‍ കാരണമാകയില്‍
അറിയുമോ പ്രിയേ, നിന്നെ ഞാന്‍ ഹൃത്തിലെ
രക്തത്തില്‍ അഗ്നിയിലാകെയും അറിയുന്നു

ഒരിക്കലും പൂവിട്ടു വിടരാത്ത ചെടി പോലെ
തരളമായ് നിന്നെ ഞാന്‍ പ്രണയിച്ചിടുന്നു
അറിയുന്നുവതിനുള്ളില്‍ മറയിട്ടു വച്ചതാം
മൃദുലമാം മൊട്ടുകള്‍ പുഞ്ചിരിച്ചീടുന്നു

നിന്‍റെ വിഷാദം തുടിക്കുന്ന കണ്കളെ
നിന്‍റെ മധുരം തുളുമ്പുന്നയധരത്തെ
നീണ്ടിറങ്ങുന്ന അലസമാം കുറുനിരയെ
എന്നിലേക്കെപ്പോഴും നീളുന്ന മനസിനെ

നിന്റെ ഉച്ച്ച്വാസത്തിന്‍ മധുരം മറക്കുവാന്‍
മേനിയുടെ സുഖദമാം ഗന്ധം വെറുക്കുവാന്‍
നിന്റയാലിംഗനത്തില്‍ നിന്നൊഴിയുവാനാകുമോ
പ്രണയത്തിന്‍ നെടുവീര്‍പ്പില്‍ മുങ്ങുന്നിടത്തോളം

നിന്റെ നേര്‍ത്തതാം ഗാനമെന്‍ സിരകളില്‍
അഗ്നി പെയ്യിക്കുന്നുവെന്നുടല്‍ നീറ്റുന്നു
പ്രണയത്തിന്‍ ലഹരിയെന്‍ ചൊടികളിലുണ്ടെന്നു
പലയിടെയെന്‍ നാവു സാക്ഷ്യപ്പെടുത്തുന്നു

നിന്റെ വിഷാദം തുളുമ്പുന്ന കണ്‍കളില്‍
അനുരാഗമൊരു പുതിയ രാഗം പൊഴിക്കുന്നു
നിന്‍ വിപഞ്ചിക മീട്ടുന്നയീണമെന്‍
ഹൃദയസ്പന്ദനം നിശ്ചലമാക്കുന്നു

എന്റെ വാടിയില്‍ പൂക്കാതെ നിന്നതാം
രാജമല്ലികള്‍ പുഷ്പിച്ചതിന്നലെ
എന്റെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന
നിന്റെ മുടിയിഴകള്‍ക്കഴകേറ്റുവാനോ?

ഊര്‍ന്നു വീഴുന്ന ഒരു ചുരുള്‍മുടിപോലും
ഓര്‍ത്തിരുന്നിപ്പോള്‍ വിതുമ്പുന്നെന്‍ കൈകളില്‍
നേര്‍ത്ത ചില്ലികള്‍ ഭദ്രമായ് സൂക്ഷിച്ച
നീല നേത്രങ്ങളില്‍ എന്‍ വിഷാദസ്മരണകള്‍

എന്‍ രാവുകളെന്നോടു മന്ത്രിച്ചു
കാട്ടിതരാത്തതെന്തേ നിന്‍ പെണ്ണിനെ,
നീലച്ഹവിയാര്‍ന്ന കണ്കളെ, ചൊടികളില്‍
പ്രണയം നിറച്ച താമരപ്പൂവിനെ

നിന്റെ നൈര്‍മല്യമൊക്കെയും നിന്‍ കയ്യില്‍
ഭദ്രമായങ്ങിരിക്കട്ടെയെപ്പോഴും
കരുതലോടെ ഞാന്‍ കാക്കുന്നു നിന്നെയും
എഴുതാതെ വച്ചയെന്‍ കവിതയെ പോലെ

വാതായനത്തിലൂടെത്തി നോക്കുന്നൊരാ
താരകജാലങ്ങള്‍ നിന്നെ വെറുക്കുന്നു
കാരണം ഞാന്‍ നിന്റെ മടിയില്‍ കിടക്കുമ്പോള്‍
അവരെയും രാവിനെപ്പോലും മറക്കുന്നു

അഭൌമമാം സംഗീതമുള്ളിലൊളിപ്പിച്ച
വേണുവേപ്പോലെ ഞാന്‍ നിന്റെതാകുന്നു
പ്രണയത്തിന്‍ മലരുകള്‍ എന്‍ നെഞ്ചിലൊരു കൊച്ചു
തരളാനുഭൂതിയായ് തളിരിട്ടുയരുന്നു

എന്റെ ഉച്ഹ്വാസത്തിന്റെയുഷ്ണമോ, നീയെന്ന
വനദേവതയുടെ ചിറകുകള്‍ വിടര്‍ത്തുന്നു?
കൂരിരുട്ടാര്‍ന്നതാം എന്‍ ദിനങ്ങളോ
അപൂര്‍വ സുന്ദര നിമിഷങ്ങളാകുന്നു

നീയെനിക്കേകിയൊരൂഷ്മള സ്മരണകള്‍
എന്നിലെ വിരഹത്തിനാവൃത്തി കൂട്ടുന്നു
എന്റെ സ്വപ്‌നങ്ങള്‍ നിന്‍ ഹൃത്തിന്റെയാഴത്തില്‍
ഒരു പനിനീര്‍ പുഷ്പമായ് വിരിയാന്‍ കൊതിക്കുന്നു

പുലരിയില്‍ പൂവിട്ട മുല്ലതന്‍ മൊട്ടുകള്‍
നിന്റെ നിര്‍മല മേനിയെപ്പോലെ
നീഹാര ബിന്ദു തുളുമ്പി നില്കുന്നു നിന്‍
സ്വപ്നങ്ങളൊളിപ്പിച്ച മാറിടം പോലെ

ഇരുളും വെളിച്ചവും ഇണചേര്‍ന്നു നില്‍ക്കുന്ന
തരളിത രാവുകളെത്ര നാം കണ്ടു
ആത്മാക്കളനുരാഗ ബദ്ധരായെപ്പോഴും
ഒരു മോഹസ്വപ്നം ചമച്ചേയിരുന്നു

ഒരു നിമിഷം കൂടിയാമഴ നീണ്ടുനിന്നെങ്കില്‍
എന്നും മറക്കാത്ത ചുംബനം തന്നേനെ
തുഷാരബിന്ദുവെ സൂര്യനെന്നതു പോലെ
നിന്നാത്മാവെ മുഴുവനും ഞാന്‍ നുകര്‍ന്നേനെ..........

Labels: , ,

Friday, April 9, 2010

അനശ്വരപ്രണയം

കൌമാര പ്രണയത്തിന്‍ കുളിരാര്‍ന്ന സ്മൃതികളെ
ഉന്മാദകാലത്തിന്‍ രത്ന ചുരുക്കമേ
പൂമാരി കൊണ്ടെന്നെ പുളകിതനാക്കുന്ന
പ്രേമാര്‍ദ്രമാകും പനിനീര്‍ക്കിരീടമേ

ചെമ്പനീര്‍ച്ചെടി നട്ട പോലെയെന്‍ പ്രണയവും
കണ്ണീര്‍ നനച്ചപ്പോള്‍ മുള്ളിനാല്‍ നോവിച്ചു
ഇന്നെനിക്കാനന്ദമേകുവാനായ് തന്നു
നിന്നോര്‍മയാകുമീ ചെമ്പനീര്‍ മൊട്ടുകള്‍

പതിതനേന്‍ പ്രണയമറിയിക്കുവാനെഴുതി ഞാന്‍
ഹൃദയ രക്തത്തിനാലായിരം കവിതകള്‍
നിര്‍ദയം ചീന്തിയെറിഞ്ഞ നീയറിഞ്ഞുവോ
സ്പന്ദിച്ചിടുന്നെന്‍ ഹൃത്ത് നിന്‍ കൈകളില്‍

നിന്‍ മുന്നിലാര്‍ത്തനായ് കൈനീട്ടി നിന്നപ്പോള്‍
പ്രണയത്തിലന്ധനായ് ഞാനെന്നറിഞ്ഞോ, നീ
അണയാത്തൊരല്പം പ്രകാശം ചൊരിഞ്ഞുനീ
കനിവേകുമെന്നു ഞാന്‍ കാംക്ഷിച്ചു, വെറുതെ

നന്ദിയുണ്ടെനിക്കെന്നുമെന്‍ സ്നേഹിതേ
നിരസിച്ചതിന്നെന്റെ പ്രണയത്തെയെന്നുമേ...
മധുരമറിയുന്നു ഞാന്‍ നെല്ലിക്ക തിന്നപോല്‍
അധിക സുഖമുണ്ടതിന്‍ സ്മൃതികളുയരുമ്പോള്‍

നഷ്ട പ്രണയങ്ങളെന്നുമനശ്വരം
പുഷ്പിതങ്ങളോ, വിസ്മൃതം ഭൂമിയില്‍
ശിഷ്ടമോര്‍ക്കുവാനെന്നുമുണ്ടോര്‍മ്മകള്‍
ബാഷ്പമേകിയ പ്രണയി, ഞാന്‍ ഭാഗ്യവാന്‍....

Labels: , ,