വിട
നിയതിയുടെ നേരായ പാതയില്‍ തിരിയുന്ന ഗോളത്തെ
തടയുവാന്‍ നോക്കുന്ന വിഡ്ഢിയാണിന്നുഞാന്‍
അറിയാത്ത സത്യത്തിന്നലയൊലികള്‍ കാതൊര്‍-
ത്തോരജ്ഞാത രാവിലെക്കലിയുന്നു മൂകമായ്
രാപ്പാടി പാടുന്ന രാഗങ്ങളെക്കേട്ടു ശാന്തമായ്
ഞാനൊന്നുറങ്ങിയിട്ടേറെയായ് നാളുകള്‍
പുലരികള്‍ തൂവെളിച്ചം കൊണ്ടു പുല്‍കുന്ന
യാമത്തിലും ഞാനുറങ്ങാതെയുരുകുന്നു
പൊഴിയാത്ത മഴപോലെ, ഹൃദയത്തിന്‍ താവഴി
യിലെവിടെയോ ഉരുകിയൊലിക്കുന്നു ബാഷ്പങ്ങള്‍
മൃതമായ സ്വപ്‌നങ്ങള്‍ മാറാല കെട്ടിയെന്‍
മാറിലൊരു മറയാത്ത ഭാരം നിറക്കുന്നു
ഭ്രാന്തന്‍റെ ജട പോലെ, ചെമ്പിച്ച മുടി പോലെ
ചുടലയിലെരിയുന്നൊരസ്ഥികൂടം പോലെ
രക്തയോട്ടം ചത്ത ത്വക്കിലീ രാത്രിമഴ
വന്നു പതിക്കുമ്പോഴില്ലാത്മ ഹര്‍ഷങ്ങള്‍
രോമകൂപങ്ങള്‍ക്കു ജീവനില്ലവിടിവിടെ
യേതോ പുഴുക്കള്‍ നുരച്ചു പുളയ്കുന്നു
കുഷ്ടം പിടിച്ചൂര്‍ന്നു പോയ വിരല്പ്പാടില്‍
കുളയട്ടകള്‍ തൂങ്ങിയെന്നേ കിടക്കുന്നു
കഷ്ടമീ മരവിച്ച മനസിലില്ലിനിയാത്മ
പ്രേയസിക്കായ് കാത്തു വെച്ച പ്രേമക്കനി
ഉരുകുമെന്‍ ഹൃദയത്തിലെവിടെയോ ഞാന്‍ കാത്ത
പുഷ്പത്തിന്‍ ശയ്യയിലുറങ്ങുമെന്‍ ശ്രീദേവി
ആഴിയുടെ ആഴങ്ങള്‍ കരിനീല വര്‍ണ്ണങ്ങള്‍
കണ്ട നിന്‍ കണ്‍കളോ കണ്ണീര്‍തടാകങ്ങള്‍
ഇനിയെന്‍റെയോമലെ ഈ ശാപ ജന്മത്തിന്‍
പാപത്തിന്‍ പങ്കു നീയെന്തിനേറ്റീടണം
പോകണം, ഇനിയെന്നെ വിട്ടെന്‍റെ പ്രിയ സഖീ
ഏതോ മരുപ്പച്ച തേടി നീ നിശ്ചയം
ഇനിയില്ല നിര്‍വാണമെന്‍ ലോകജീവിതം
ഈ കാട്ടിറമ്പും കൊതുകിന്നിരമ്പവും
അണയാത്തോരഗ്നിയെന്നുള്ളില്‍ ജ്വലിപ്പിച്ച-
തിന്നെന്നുമേ ഞാന്‍ നിന്നില്‍ കൃതാര്‍ത്ഥനാം
നിന്നുടെ നെറ്റിയില്‍ സീമന്തരേഖയില്‍
ചാര്‍ത്തുവാന്‍ ഞാന്‍ വെച്ച കുങ്കുമചെപ്പുകള്‍
നിന്നെയണിയിച്ചു കാണാന്‍ കൊതിച്ചതാം
പാട്ടുകള്‍ നാഗപ്പടതാളിയൊക്കെയും
എന്‍ കുഴിമാടത്തിലെന്നന്ത്യശയ്യയില്‍
എന്‍റെയൊപ്പം നീയടക്കണം പ്രണയിനീ
കാലമായെന്‍ കണ്ണിലാലസ്യമേറുന്നു
വരളുന്ന ചുണ്ടിനാല്‍ ചൊല്ലുന്നു ഞാന്‍ വിട
പോകുന്നു, ഇനി നമ്മള്‍ കണ്ടാല്‍ നീ ചൊല്ലണം
അറിയില്ലയെന്നെയെന്നൊരുവേള പോലുമേ
ചോദിക്കയില്ല ഞാന്‍ 'നീയുമോ പ്രിയസഖീ'
കണ്ടിരിക്കുന്നു ഞാന്‍ ലോകത്തിന്‍ പലമുഖം
പലതവണയെന്നെ കടന്നു പോയ്, പുച്ചിച്ചു
പൊട്ടിച്ചിരിച്ചു കൊണ്ടെന്‍ പഴയകൂട്ടുകാര്‍
നല്ല കാലത്തെന്നെയൂറ്റിക്കുടിച്ചവര്‍,
ഉന്മാദ മോഹികള്‍, കൊച്ചു കന്നട്ടകള്‍
ആരുമോര്‍ക്കേണ്ടയെന്‍ മുന്‍കാല ജീവിതം
കരുണകാട്ടേണ്ടാരുമുരുകേണ്ട നെഞ്ചകം
കാല്‍പനിക ലോകത്തില്‍ ജീവിച്ചൊടുങ്ങുമീ
പാവത്തിന്‍ കല്ലറയിലാര്‍ക്കാത്മശാന്തി...........?
Labels: പ്രണയം, പ്രണയനൈരാശ്യം, മരണം, വിട

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home